Showing posts with label kerala. Show all posts
Showing posts with label kerala. Show all posts

Sunday, October 4, 2015

വെള്ളിനേഴി Olappamanna in മനയിൽ 
കഥകളി ചൊല്ലിയാട്ടം.

കലാഗ്രാമത്തിലൂടെ



.1008 ദുര്‍ഗാലയങ്ങഴിലുള്‍പ്പെട്ട ചെങ്ങണിക്കോട്ടു കാവിനു സമീപമാണ് ആറാട്ടു കടവ്. കഷ്ടിച്ച് അര കിലോമീറ്റര്‍. ഈ ക്ഷേത്രത്തിലാണ് കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ അരങ്ങേറ്റം നടന്നത് . ആദി ശങ്കരന്‍ ദേവീ ചൈതന്യം തേടി ഇവിടേക്കെത്തിയിട്ടു്ണ്ടത്രേ. വില്വമംഗലം സ്വാമിയാര്‍ പ്രതിഷ്ടനടത്തിയെന്നു കരുതുന്ന ശിവക്ഷേത്രവും സമീപത്തുണ്ട്. പച്ചപ്പുകള്‍ അതിരിടുന്ന ചെമ്മണ്‍ പാതയില്‍ പനനൊങ്കിന്റെ സൗരഭം നിറയുന്നുണ്ടായിരുന്നു. മുന്നോട്ടു നടന്നാല്‍ കുന്തിപ്പുഴയുടെ പച്ചപ്പ്. ഈ പുഴകടന്നാണ് പട്ടിക്കാം തൊടി രാമുണ്ണി മേനോന്‍ ചെത്തല്ലൂരില്‍നിന്ന് വെള്ളിനേഴിയിലേക്കെത്തിയത്. അത് കേരളത്തിലെ കഥകളി ചരിത്രത്തിന്റെ നവോത്ഥാനത്തിന് വഴിമരുന്നിട്ടു. അദ്ദേഹം കഥകളിയുടെ ജാതകം തിരുത്തി എഴുതി. കഥകളിയെന്ന കലയെ ക്ലാസിക്കല്‍ കലകളുടെ നെറുകയില്‍ പ്രതിഷ്ടിക്കാന്‍ വിട്ടുവീഴ്ചയില്ലാതെ പ്രയത്നിച്ചു. ചിട്ടകളില്‍ ഒരു വിധ വിട്ടു വീഴ്ചയ്ക്കും അദ്ദേഹം തയ്യാറായില്ല.അരങ്ങൗചിത്യമെന്തെന്ന് ആസ്വാദകരെ അറിയിച്ചു കൊടുത്തു,. പുഴയുടെ തീരത്ത് ഒരു അത്താണി കണ്ടു. അതില്‍ എഴുതിയിരുന്നു. പൂജ്യ ഗുരുനാഥന്‍ പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ സ്മരണയ്ക്ക് കീഴ്പ്പടം കുമാരന്‍ നായര്‍. പട്ടിക്കാം തൊടിയുടെ സ്മരണയ്ക്കായുള്ള ഏക സ്മൃതി കുടീരമാണത്. നിര്‍ണായകമായ ഒരു കാലഘട്ടത്തില്‍ കഥകളിയുടെ നവോത്ഥാനത്തിന്റെ ഭാരം സ്വന്തം ചുമലിലേറ്റിയ ഗുരുനാഥന് ശിഷ്യന്‍ സമര്‍പ്പിച്ച സ്മൃതി കുടീരം എത്ര പ്രതീകാത്മകം, എത്ര അര്‍ഥവത്തായത്...
ഇനി മടക്കമാണ്. കണിക്കൊന്നകള്‍ പൂത്തു നില്‍ക്കുന്ന നാട്ടു വഴികളിലൂടെ പച്ചപ്പിലൂടെ അപൂര്‍വമായ കുറേ അനുഭവങ്ങളുമായി.. ആ യാത്ര അവസാനിച്ചത് വലിയൊരു യാത്രയ്ക്കു തുടക്കമിടാനായിരുന്നു..

Saturday, October 3, 2015

കലാഗ്രാമത്തിലൂടെ

വെള്ളിനേഴി നാണുനായര്‍
താടി അരങ്ങിനെപ്പറ്റി ചോദിച്ചപ്പോഴാണ് അച്യുവേട്ടന്‍ വെള്ളിനേഴി നാണുനായരെപ്പറ്റി പറഞ്ഞത്. ഉല്‍സവ വേദികളില്‍ ചുവന്ന താടികളുടെ അലര്‍ച്ച കേട്ട് ആന വിരണ്ടിട്ടുണ്ട്. ഗര്‍ഭം അലസല്‍ വരെ സംഭവിച്ചിട്ടുണ്ടത്രേ. അങ്ങനെ ഒരു ഒരുമ്പോക്കനായി നടന്നിരുന്ന ചുവന്ന താടിയെ കളിയരങ്ങില്‍ വ്യക്തിത്വം നല്‍കി ഉയര്‍ത്തിയത് നാണുനായരായിരുന്നു. കഥകളിക്കു നാണു പോര വീട്ടില്‍പൊയ്ക്കോട്ടേയെന്നു കലാമണ്ഡലത്തില്‍വച്ച് മഹാകവി വള്ളത്തോള്‍ എഴുതിയ വിധിയെ തിരുത്തിക്കുറിച്ച ചരിത്രമാണ് നാണു നായരുടേത്. ആശാരി വേഷങ്ങളിലൂടെ പ്രസിദ്ധനായ ആശാരി കോപ്പന്‍ എന്ന കോപ്പന്‍ നായരുടെ മകന്‍. മഹാനായ അച്ഛന്റെ മഹാനായ പുത്രനെന്ന വിശേഷണവും ചേരും. കോപ്പന്‍ നായരുടെ ആശാരി മരം മുറിക്കുന്ന രംഗം അവതരിപ്പിക്കുമ്പോള്‍ മരം ദേഹത്തു വീഴുമെന്ന ഭീതിയില്‍ സദസിലുള്ളവര്‍ രണ്ടു ഭാഗത്തേക്കു മാറിയിരിക്കുമായിരുന്നു. അഭിനയത്തിലെ ഈ തന്മയത്വം അച്ഛന്‍ മകനെയും പരിശീലിപ്പിച്ചു, പില്‍ക്കാലത്ത് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം കിട്ടിയപ്പോള്‍ നാണുനായര്‍ നടത്തിയ പ്രതികരണവും ചരിത്രം കഥകളിക്കു നാലാണു മക്കള്‍. ഒന്നൊരു സ്ത്രീ. മറ്റൊരാള്‍ ഉശിരനായ കത്തി. പിന്നീട് ഒരു സാധു കടിഞ്ഞൂല്‍ പൊട്ടന്‍ പച്ച. കൂട്ടത്തില്‍ ഒരു ഒരുമ്പോക്കനാണ് ചോന്നതാടി. അതിനും അംഗീകാരം നല്‍കിയതിനു നന്ദി എന്നായിരുന്നു ആ പ്രതികരണം. കുന്തിപ്പുഴയും ആറാട്ടുകടവും കണ്ടേ പോകാവൂവെന്ന് മടക്കയാത്രയില്‍ അച്യുവേട്ടന്‍ ഓര്‍മിപ്പിച്ചു.

വെള്ളീനേഴിയിലെ നാട്ടുവഴി  

കലാഗ്രാമത്തിലൂടെ

അച്യുവേട്ടന്‍
യാത്ര അവസാനിക്കുകയല്ലേൟ ഞാന്‍ ജയച്ചന്ദ്രനോടു ചോദിച്ചു. ഇനി ഒരാളെക്കൂടി കാണാനുണ്ടെന്നു ജയച്ചന്ദ്രന്‍ പറഞ്ഞു. വണ്ടു വടക്കന്‍ വെള്ളിനേളിയിലേക്കു തിരിഞ്ഞു. മുളക്കൂട്ടങ്ങള്‍ തണല്‍ വിരിക്കുന്ന മങ്ങിയ ചുവന്ന നിറമുള്ള വീടിനു മുന്നില്‍ എത്തി. ഋഷി സദൃശനായ ആതിഥേയന്‍ പുറത്തേക്കുവന്നു. രണ്ടുകൈകളും നീട്ടി സ്വീകരിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടു പോയി. പുസ്തകങ്ങള്‍ നിറഞ്ഞ തണുപ്പുള്ള മുറിയിലേക്ക്. ഊണു കഴിക്കാന്‍ നിര്‍ബന്ധിച്ചു. വേണ്ടെന്നു പറഞ്ഞപ്പോള്‍ സംഭാരം തന്നു. പിന്നീടു സൗഹൃദസംഭാഷണത്തിലേക്ക്.. അത് അച്യുവേട്ടനായിരുന്നു. ഡോ.വെള്ളിനേഴി അച്യുതന്‍നുട്ടി.ഭൗതിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. ബാബാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അന്തരീക്ഷ പഠന വിഭാഗം മേധാവിയായിരുന്നു. ഒമാന്‍ സര്‍ക്കാരിന്റെ വാര്‍ത്താ വിതരണ വകുപ്പില്‍ ഉന്നത തസ്തികയില്‍ ജോലി നോക്കി. അതൊക്കെ ഉപേക്ഷിച്ച് വെള്ളിനേഴിയുടെ തണലുതേടി എത്തിയിരിക്കുകയാണ്. കഥകളിയുടെ കൈപ്പുസ്തകം എന്ന ബൃഹത്തായ പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം ഞങ്ങളെത്തിയപ്പോള്‍.
വെള്ളിനേഴിയിലെ കലാകാരെക്കാള്‍ നാട്ടുകാരുടെ ആസ്വാദന ക്ഷമതയെപ്പറ്റിയാണ് അദ്ദേഹം ആദ്യം പറഞ്ഞത്. ഒരു വീട്ടില്‍ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ എത്തി മടങ്ങുമ്പോള്‍ അവിടെ ജോലിക്കു നിന്ന സ്ത്രീ എത്തി കൈയില്‍ കരുതിയിരുന്ന 25 പൈസ നല്‍കി തൊഴുതി പറഞ്ഞത്രേ൅ അങ്ങയുടെ ആരാധികയാണ്. നേരില്‍ കാണുന്നത് ഇപ്പോഴാണ്.
കഥകളിയിലെ കല്ലുവഴിചിട്ട രൂപം കൊണ്ടതെപ്പറ്റിയും അദ്ദേഹം വിവരിച്ചു.ഉന്നത കലാകാരന്മാരെപ്പറ്റി അവര്‍ ജീവിച്ച കാലട്ടത്തിന്റെ ക്രമത്തില്‍ അദ്ദേഹം പറഞ്ഞു. പേരും വര്‍ഷവുമുള്‍പ്പടെ. ഒരു ശാസ്ത്രജ്‍ഞനേ ഇത്തരത്തില്‍ ഒരു ക്രമീകരണം സാധ്യമാകൂ. ശാത്രമെന്നത് വ്സ്തുതകളെ ക്രമാനുഗതമായി അവലോകനം ചെയ്യുകയെന്നതാണല്ലോ..

കലാഗ്രാമത്തിലൂടെ

കുട്ടനാശാന്റെ ഗുരുഭക്തി
അടയ്ക്കാപ്പുത്തൂരില്‍ ശില്‍പി ഹരി ഗോവിന്ദനെയും അയാളുടെ സഹോദരന്‍ അടയ്ക്കാപുത്തൂര്‍ കണ്ണാടി നിർമിക്കുന്ന കൃഷ്ണകുമാറിനെയും പരിചയപ്പെട്ടശേഷം കഥകളി ആചാര്യന്‍ കുട്ടന്‍ ആശാന്റെ വീട്ടിലെത്തി. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തിന്റെ പ്രിന്‍സിപ്പലായി വിരമിച്ച ആശാന്റെ മകളും മരുമകനും കലാകാരാണ്. അവരെയും പരിചയപ്പെട്ടു.മുള്ളുവേലി അതിരിടുന്ന പച്ചപ്പു നിറഞ്ഞ ഒരു നാട്ടു വഴിയിലാണ് അദ്ദേഹത്തിന്റെ വീട് സിബു ആ വഴിയുടെ കുറേ ചിത്രങ്ങളെടുത്തു.വെള്ളിനേഴിയുടെ മുഖം പരിചയപ്പെടുത്താന്‍ ഞാന്‍ പലര്‍ക്കും ഇപ്പോഴും ആ ചിത്രം കാണിച്ചുകൊടുക്കാറുണ്ട്.
യാത്ര പറയാന്‍ നേരത്ത് രാമന്‍കുട്ടി ആശാന്റെ (കലാമണ്ഡലം രാമന്‍കുട്ടിനായര്‍) വീട്ടിലേക്കു പോവുകയാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പതിയെ പറഞ്ഞു. ൅ആശാന്റെ വീട്ടില്‍ ഇപ്പോള്‍ പോകണ്ട.
ഊണിനും ഉറക്കത്തിനുമുള്ള വട്ടം ആയിരിക്കും.
ഇതു പറഞ്ഞപ്പോള്‍ ആശാന്റെ മുഖത്ത് കലാമണ്ഡലത്തിലെ ഒരു വിദ്യാര്‍ഥിയുടെ ഭാവമായിരുന്നു. സീതാ സ്വയംവരത്തില്‍ മാര്‍ഗ മദ്ധ്യേ പ്രത്യക്ഷപ്പെടുന്ന പരശുരാമന്റെ കാലില്‍ ദശരഥന്‍ വീണു തൊഴുന്ന രംഗമുണ്ട്. പരശുരാമനായി രാമന്‍കുട്ടി ആശാനും ദശരഥനുമായി കുട്ടനാശാനും. എന്തുകൊണ്ടോ ആ രംഗം മനസിലേക്കു വരുന്നു.
കുട്ടനാശാന്റെ വാക്കില്‍ നിറഞ്ഞുനിന്നത് യഥാര്‍ഥ ഗുരുഭക്തിതന്നെയായിരുന്നു. രാമന്‍കുട്ടി ആശാന്റെ ശീലങ്ങള്‍ അറിയുന്ന ശിഷ്യന്‍.
രാമന്‍കുട്ടി ആശാന്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് വെള്ളിനേഴിയിലെ കലാകാരന്മാര്‍ ഗുരുസ്ഥാനത്തിന്റെ എല്ലാ ബഹുമാനവും നല്‍കിയിരുന്നു. (വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ക്കൂടി. ) അത് ആശാന്റെ പത്മവിഭൂഷണിനോടുള്ള ബഹുമാനത്തിനേക്കാള്‍ ഇട്ടിരാരിശ്ശമേനോന്റെ സിംഹാസനത്തിനോടും പട്ടിക്കാംതൊടിയുടെ കിരീടാവകാശിയോടുമുള്ള ആദരവായിരുന്നു.അദ്ദേഹം അരങ്ങൊഴിഞ്ഞതോടെ കുട്ടനാശാനും വാഴേങ്കട വിജയനാശാനുമാണ് ആ സ്ഥാനത്തുള്ളത്. ആ ആദരവ് അവര്‍ അര്‍ഹിക്കുന്നു.

കലാഗ്രാമത്തിലൂടെ

 ഡോ.വെള്ളിനേഴി അച്യുതൻകുട്ടി- ചീഫ് കോ-ഓർഡിനേറ്റർ വെള്ളിനേഴി കലാഗ്രാമം . 

സംസ്കാരിക സമുച്ചയം ഉയരുന്നു

വെള്ളിനേഴി സാംസ്കാരിക സമുച്ചയത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി 2015 മെയ് 19ന് ടൂറിസം മന്ത്രി എ.പി. അനിൽകുമാർ  നിർമാണോദ്ഘാടനം നിർവഹിച്ചു. കെ.എസ്.സലീഖ എംഎൽഎ, മലയാളമനോരമ കോ-ഓർഡിനേറ്റിങ് എഡിറ്റർ റോയിഫിലിപ്പ്, ജില്ലാ കലക്ടർ പി.മേരിക്കുട്ടി, ഡിടിപിസി സെക്രട്ടറി ടി.എ.പത്മകുമാർ മപ‍ഞ്ചായത്ത് പ്രസിഡന്റ് സി.ജി.ഗീത. ഹാബിറ്റാറ്റ് ശങ്കർ, കലാമണ്ഡലം കുട്ടനാശാൻ, വൈസ് പ്രസിഡന്റ് കെ.ഹരിദാസ്, ഒ.എൻ .ദാമോദരൻ നമ്പൂതിരിപ്പാട്, കെ.ശ്രീധരൻ,ഒ.വിജയകുമാർ,സ്വാമിനാഥൻ, ആർ.ശശിശേഖർ തുടങ്ങിയവർ പങ്കെടുത്തു

Thursday, November 20, 2014




വെള്ളിനേഴി കലാഗ്രാമത്തിൽ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്തോടു ചേർന്നുള്ള സ്ഥലത്ത് ആറുകോടി രൂപ ചെലവിൽ നിർമിക്കുന്ന സാംസ്കാരിക സമുച്ചയത്തിന്റെ രൂപരേഖ .തിരുവന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവൻ  മാതൃകയിലാണു ഇത് നിർമിക്കുക  

Wednesday, November 19, 2014

വെള്ളിനേഴി കലാ ഗ്രാമം പദ്ധതിക്ക്  ടൂറിസം വകുപ്പിന്റെ ഭരണാനുമതി ലഭിച്ചു . കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന വർക്കിങ്ങ് ഗ്രൂപ്പ് യോഗമാണ് പദ്ധതി അംഗീകരിച്ചത് . ആദ്യഘട്ടമായി ആറുകോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന സാംസ്കാരിക സമുച്ചയത്തിനു രണ്ടുകോടി രൂപ അനുവദിച്ചു.കെ.എസ് . സലീഖ എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഒരുകോടി രൂപയും ടൂറിസം വകുപ്പിന്റെ ഒരുകോടി രൂപയുമുൾപ്പെടുന്നതാണിത് ;
വെള്ളിനെഴി ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്തോട് ചേർന്നുള്ള സ്ഥലത്ത് നിർമിക്കുന്ന സമുച്ചയം തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവൻ മാതൃകയിലാണു രൂപ കല്പന ചെയ്തിരിക്കുന്നത്

Wednesday, November 5, 2014

വെള്ളിനേഴിയെന്ന തുറന്ന മ്യുസിയം  


വെള്ളിനേഴി കലാഗ്രാമം  പ്രസക്തമാകുന്നത് അവിടെ ഉയരാനിരിക്കുന്ന നിർമിതികളിലൂടെയല്ല . ഒരു തുറന്ന മ്യുസിയമായിട്ടാണ് അത് വിഭാവനം ചെയ്തിരിക്കുന്നത് . ലോക പ്രശസ്തരായ ഉന്നത കലാകാരന്മാർ ജീവിച്ച ഗ്രാമം .അവരുടെ ശിഷ്യ   പരമ്പരകൾ ജീവിക്കുന്ന ഗ്രാമം ഈ തരത്തിലാണ് വെള്ളിനേഴിയെ  കാണേണ്ടത് . ആ അർഥത്തിൽ ഇതൊരു തുറന്ന സാംസ്കാരിക മ്യൂസിയമാണു . അതുകൊണ്ടുതന്നെ ഇവീടത്തെ സന്ദർശനം ഒരു വ്യത്യസ്ത അനുഭവമാകും 

വെള്ളിനേഴി കലാഗ്രാമത്തിന് 85 കോടി രൂപയുടെ രൂപരേഖ 



ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കലാഗ്രാമമായി വെള്ളിനേഴിയെ 

വികസിപ്പിക്കുന്നതിനായി 85 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറായി .

സാംസ്കാരിക സമുച്ചയം 

പുരാതന ഗുഹകളുടെ  സംരക്ഷണം 

കുളങ്ങളുടെ സംരക്ഷണം 

അരയാൽ മരങ്ങളുടെ സംരക്ഷണം 

ഉന്നത പഠന ഗവേഷണ കേന്ദ്രം 

സാംസ്കാരിക കേന്ദ്രങ്ങൾ 

എന്നിവയാണു രൂപ രേഖയിലുള്ളത് 

ആദ്യ ഘട്ടത്തെ   പ്രവർത്തനങ്ങൾക്കായി കെ.എസ് .സലീഖ എം എൽ എ ഒരു കോടി 

രൂപ അനുവദിച്ചു .വെള്ളിനേഴി ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്തോട് ചേർന്ന 

സ്ഥലത്ത് സാംസ്കാരിക സമുച്ചയം നിർമിക്കാൻ 6 കോടി രൂപയുടെ പദ്ധതി ടൂറിസം വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്