Sunday, October 4, 2015

കലാഗ്രാമത്തിലൂടെ



.1008 ദുര്‍ഗാലയങ്ങഴിലുള്‍പ്പെട്ട ചെങ്ങണിക്കോട്ടു കാവിനു സമീപമാണ് ആറാട്ടു കടവ്. കഷ്ടിച്ച് അര കിലോമീറ്റര്‍. ഈ ക്ഷേത്രത്തിലാണ് കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ അരങ്ങേറ്റം നടന്നത് . ആദി ശങ്കരന്‍ ദേവീ ചൈതന്യം തേടി ഇവിടേക്കെത്തിയിട്ടു്ണ്ടത്രേ. വില്വമംഗലം സ്വാമിയാര്‍ പ്രതിഷ്ടനടത്തിയെന്നു കരുതുന്ന ശിവക്ഷേത്രവും സമീപത്തുണ്ട്. പച്ചപ്പുകള്‍ അതിരിടുന്ന ചെമ്മണ്‍ പാതയില്‍ പനനൊങ്കിന്റെ സൗരഭം നിറയുന്നുണ്ടായിരുന്നു. മുന്നോട്ടു നടന്നാല്‍ കുന്തിപ്പുഴയുടെ പച്ചപ്പ്. ഈ പുഴകടന്നാണ് പട്ടിക്കാം തൊടി രാമുണ്ണി മേനോന്‍ ചെത്തല്ലൂരില്‍നിന്ന് വെള്ളിനേഴിയിലേക്കെത്തിയത്. അത് കേരളത്തിലെ കഥകളി ചരിത്രത്തിന്റെ നവോത്ഥാനത്തിന് വഴിമരുന്നിട്ടു. അദ്ദേഹം കഥകളിയുടെ ജാതകം തിരുത്തി എഴുതി. കഥകളിയെന്ന കലയെ ക്ലാസിക്കല്‍ കലകളുടെ നെറുകയില്‍ പ്രതിഷ്ടിക്കാന്‍ വിട്ടുവീഴ്ചയില്ലാതെ പ്രയത്നിച്ചു. ചിട്ടകളില്‍ ഒരു വിധ വിട്ടു വീഴ്ചയ്ക്കും അദ്ദേഹം തയ്യാറായില്ല.അരങ്ങൗചിത്യമെന്തെന്ന് ആസ്വാദകരെ അറിയിച്ചു കൊടുത്തു,. പുഴയുടെ തീരത്ത് ഒരു അത്താണി കണ്ടു. അതില്‍ എഴുതിയിരുന്നു. പൂജ്യ ഗുരുനാഥന്‍ പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ സ്മരണയ്ക്ക് കീഴ്പ്പടം കുമാരന്‍ നായര്‍. പട്ടിക്കാം തൊടിയുടെ സ്മരണയ്ക്കായുള്ള ഏക സ്മൃതി കുടീരമാണത്. നിര്‍ണായകമായ ഒരു കാലഘട്ടത്തില്‍ കഥകളിയുടെ നവോത്ഥാനത്തിന്റെ ഭാരം സ്വന്തം ചുമലിലേറ്റിയ ഗുരുനാഥന് ശിഷ്യന്‍ സമര്‍പ്പിച്ച സ്മൃതി കുടീരം എത്ര പ്രതീകാത്മകം, എത്ര അര്‍ഥവത്തായത്...
ഇനി മടക്കമാണ്. കണിക്കൊന്നകള്‍ പൂത്തു നില്‍ക്കുന്ന നാട്ടു വഴികളിലൂടെ പച്ചപ്പിലൂടെ അപൂര്‍വമായ കുറേ അനുഭവങ്ങളുമായി.. ആ യാത്ര അവസാനിച്ചത് വലിയൊരു യാത്രയ്ക്കു തുടക്കമിടാനായിരുന്നു..

No comments:

Post a Comment