Showing posts with label traveling must. Show all posts
Showing posts with label traveling must. Show all posts

Saturday, October 3, 2015

കലാഗ്രാമത്തിലൂടെ

കുട്ടനാശാന്റെ ഗുരുഭക്തി
അടയ്ക്കാപ്പുത്തൂരില്‍ ശില്‍പി ഹരി ഗോവിന്ദനെയും അയാളുടെ സഹോദരന്‍ അടയ്ക്കാപുത്തൂര്‍ കണ്ണാടി നിർമിക്കുന്ന കൃഷ്ണകുമാറിനെയും പരിചയപ്പെട്ടശേഷം കഥകളി ആചാര്യന്‍ കുട്ടന്‍ ആശാന്റെ വീട്ടിലെത്തി. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തിന്റെ പ്രിന്‍സിപ്പലായി വിരമിച്ച ആശാന്റെ മകളും മരുമകനും കലാകാരാണ്. അവരെയും പരിചയപ്പെട്ടു.മുള്ളുവേലി അതിരിടുന്ന പച്ചപ്പു നിറഞ്ഞ ഒരു നാട്ടു വഴിയിലാണ് അദ്ദേഹത്തിന്റെ വീട് സിബു ആ വഴിയുടെ കുറേ ചിത്രങ്ങളെടുത്തു.വെള്ളിനേഴിയുടെ മുഖം പരിചയപ്പെടുത്താന്‍ ഞാന്‍ പലര്‍ക്കും ഇപ്പോഴും ആ ചിത്രം കാണിച്ചുകൊടുക്കാറുണ്ട്.
യാത്ര പറയാന്‍ നേരത്ത് രാമന്‍കുട്ടി ആശാന്റെ (കലാമണ്ഡലം രാമന്‍കുട്ടിനായര്‍) വീട്ടിലേക്കു പോവുകയാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പതിയെ പറഞ്ഞു. ൅ആശാന്റെ വീട്ടില്‍ ഇപ്പോള്‍ പോകണ്ട.
ഊണിനും ഉറക്കത്തിനുമുള്ള വട്ടം ആയിരിക്കും.
ഇതു പറഞ്ഞപ്പോള്‍ ആശാന്റെ മുഖത്ത് കലാമണ്ഡലത്തിലെ ഒരു വിദ്യാര്‍ഥിയുടെ ഭാവമായിരുന്നു. സീതാ സ്വയംവരത്തില്‍ മാര്‍ഗ മദ്ധ്യേ പ്രത്യക്ഷപ്പെടുന്ന പരശുരാമന്റെ കാലില്‍ ദശരഥന്‍ വീണു തൊഴുന്ന രംഗമുണ്ട്. പരശുരാമനായി രാമന്‍കുട്ടി ആശാനും ദശരഥനുമായി കുട്ടനാശാനും. എന്തുകൊണ്ടോ ആ രംഗം മനസിലേക്കു വരുന്നു.
കുട്ടനാശാന്റെ വാക്കില്‍ നിറഞ്ഞുനിന്നത് യഥാര്‍ഥ ഗുരുഭക്തിതന്നെയായിരുന്നു. രാമന്‍കുട്ടി ആശാന്റെ ശീലങ്ങള്‍ അറിയുന്ന ശിഷ്യന്‍.
രാമന്‍കുട്ടി ആശാന്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് വെള്ളിനേഴിയിലെ കലാകാരന്മാര്‍ ഗുരുസ്ഥാനത്തിന്റെ എല്ലാ ബഹുമാനവും നല്‍കിയിരുന്നു. (വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ക്കൂടി. ) അത് ആശാന്റെ പത്മവിഭൂഷണിനോടുള്ള ബഹുമാനത്തിനേക്കാള്‍ ഇട്ടിരാരിശ്ശമേനോന്റെ സിംഹാസനത്തിനോടും പട്ടിക്കാംതൊടിയുടെ കിരീടാവകാശിയോടുമുള്ള ആദരവായിരുന്നു.അദ്ദേഹം അരങ്ങൊഴിഞ്ഞതോടെ കുട്ടനാശാനും വാഴേങ്കട വിജയനാശാനുമാണ് ആ സ്ഥാനത്തുള്ളത്. ആ ആദരവ് അവര്‍ അര്‍ഹിക്കുന്നു.

കലാഗ്രാമത്തിലൂടെ

ഒപ്പമുണ്ടായിരുന്ന സിബു ഭുവനേന്ദ്രന്‍ കഥകളി ചമയങ്ങളുടെ കുറേ നല്ല ചിത്രങ്ങളെടുത്തു. സിബുവുമായുള്ള യാത്രകള്‍ വളരെ രസകരമാണ്. എന്റെ ഭൂരിഭാഗം യാത്രകളും സിബുവുമൊന്നിച്ചാണ്. വെള്ളിനേഴി ചിത്രങ്ങളുടെ വലിയൊരു ശേഖരം ഇപ്പോള്‍ സിബുവിന്റെ കൈയിലുണ്ട്. തിരുപ്പൂര്‍, വാല്‍പ്പാറ എന്നിവിടങ്ങളിലും നമ്മള്‍ ഒന്നിച്ചു പോയതിന്റെ നല്ല സ്മരണകളുണ്ട്.
അടുത്ത ദിവസമാണ് കോതാവില്‍ രാമന്‍ കുട്ടി ആശാനെ കാണാന്‍ പോയത്. കഥകളി, കൂടിയാട്ടം,ഓട്ടന്‍ തുള്ളല്‍ എന്നിവയ്ക്കുള്ള മെയ്ക്കോപ്പുണ്ടാക്കുന്നതില്‍ ഇന്നദ്ദേഹം ആചാര്യ സ്ഥാനത്താണ്. പക്ഷേ,ആദ്യ കൂടിക്കാഴ്ച അത്രയ്ക്കു സുഖകരമായിരുന്നില്ല. ജയച്ചന്ദ്രനോട് അകാരണമായി തട്ടിക്കയറിക്കൊണ്ടിരുന്നു. സംഭവമെന്തെന്ന് എനിക്കു മനസിലായില്ല. (സത്യത്തില്‍ അദ്ദേഹത്തെ എന്തിനാണു കാണാന്‍ പോയതെന്നും എനിക്കു രൂപമുണ്ടായിരുന്നില്ല). പിന്നീടാണു സംഗതി പിടികിട്ടിയത്. സമീപത്ത് ഒരു യുവാവ് മെയ്ക്കോപ്പുകള്‍ നിര്‍മിക്കുന്നുണ്ട്. അതിന്റെ ഒരു പ്രദര്‍ശനം ഒഴപ്പമണ്ണ മനയില്‍ നടന്നു. ജയച്ചന്ദ്രന്‍ അതിനെപ്പറ്റിയൊക്കെ എഴുതിയത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിട്ടില്ല. അതിന്റെ കെറുവാണു കണ്ടത്.പക്ഷേ പിന്നീട് അദ്ദേഹം പറഞ്ഞതൊന്നും കാണാനോ മനസിലാക്കാനോ ഉള്ള ക്ഷമ എനിക്കുണ്ടായില്ല. വണ്ടി വിട്ടു....

കലാഗ്രാമത്തിലൂടെ

 ഡോ.വെള്ളിനേഴി അച്യുതൻകുട്ടി- ചീഫ് കോ-ഓർഡിനേറ്റർ വെള്ളിനേഴി കലാഗ്രാമം .