Saturday, October 3, 2015

കലാഗ്രാമത്തിലൂടെ

ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ പ്രഫ.എസ്. ഗുപ്തന്‍ നായരുടെ സ്വാതിയുടെ സന്നിധിയില്‍ എന്ന പാഠമുണ്ടായിരുന്നു. നാടകീയമായ ഗദ്യ ലേഖനം. അതിനെ അധികരിച്ച് ഞാന്‍ പിന്നീട് ഒരു നാടകം എഴുതി. സ്വാതിയുടെ സദസ്. അത് ഞാന്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഞാന്‍ മുമ്പു പഠിച്ചിരുന്ന തിരുവനന്തപുരം ഗവ.മോഡല്‍ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് ഈ നാടകം ചെയ്തു. സ്കൂളിലെ മികച്ച നാടകമായി അത്. സ്വാതി തിരുനാള്‍ ജീവിച്ചിരുന്നില്ലെന്ന വിവാദത്തിനു നടുവിലായിരുന്നു അത്. സ്വാതി തിരുനാളിനെപ്പറ്റിയും സംഗീതത്തെപ്പറ്റിയും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ അതു സഹായകമായി. സ്വാതി തിരുനാളിനെപ്പറ്റിയുള്ള ആ അന്വേഷണങ്ങള്‍ ഇപ്പോഴുമുണ്ട്.
സ്വാതി തിരുനാളിന്റെ നാട്ടുകാരന്‍ ( ആരാധകന്‍) എന്നതു മാത്രമാണ് കലാരംഗത്തെ എന്റെ മേല്‍വിലാസമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ സ്വകാര്യമായ ഒരു അഭിമാനമായി ആ വികാരം എന്നും കൂടെയുണ്ട്. 2012ല്‍ മലയാള മനോരമ വെള്ളിനേളി ഗ്രാമ പഞ്ചായത്തിലെ പൂന്തോട്ടം ആയുര്‍വേദാശ്രമത്തില്‍ വച്ച് രാഗനിള എന്ന സംഗീത ക്യാംപ് സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി നടക്കുന്ന പ്രതിവര്‍ഷ ക്യാംപ് ആണത്. ആ ക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീതയാണ്. പ്രസംഗത്തിനു പകരം അവര്‍ ഒരു പാട്ടു പാടി. ഗാനഭൂഷണം പാസായ ഗീത ടീച്ചര്‍ അധികാര രാഷ്ട്രീയത്തിലേക്ക് യാദൃശ്ചികമായി എത്തിപ്പെട്ടതാണ്.
ക്യാംപ് കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ മനോരമ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ റോയി ഫിലിപ് സാറും ഞാനും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്തു പ്രസിഡന്റു പോലും കലാകാരിയായി ഒരു കലാഗ്രാമം എന്തു കൊണ്ടാണു ലോക ശ്രദ്ധയില്‍ വരാത്തതെന്ന ആശങ്കയാണ് അദ്ദേഹം പങ്കുവച്ചത്. അവിടെച്ചെന്ന് കാര്യങ്ങള്‍ പഠിച്ച് കലാഗ്രാമമായി വെള്ളിനേഴിയെ പ്രഖ്യാപിക്കാനുള്ള സാധ്യതകള്‍ തിരയാനും അദ്ദേഹം നിര്‍ദേശിച്ചു.

ഞങ്ങളുടെ ചെർപ്പുളശേരി ലേഖകൻ ജയചന്ദ്രനു വെള്ളിനേഴി മനപ്പാഠമാണു. ജയചന്ദ്രൻ എന്നെ ഇടയ്ക്ക് അവിടേക്കു ക്ഷണിക്കാറുണ്ട്. എഴുത്തുകാരി അന്തരിച്ച രാജലക്ഷ്മിയൂടെ വീടു തിരഞ്ഞു പോയത് ഞങ്ങൾ ഒന്നിച്ചാണു. നമുക്ക് ഒന്നിനെപറ്റിയും മുൻ വിധിയുണ്ടാകാൻ ജയച്ചന്ദ്രൻ അനുവധിക്കില്ല. അതുകോണ്ട്തന്നെ വെള്ളിനേഴിയെപ്പറ്റിയും ഒന്നും പറയാൻ നിന്നില്ല. (എല്ലാം നേരിട്ട് മനസിലാക്കട്ടേയെന്നു കരുതിയിരിക്കണം!!!)ഞങ്ങൾ ആദ്യം പോയത് സംഗീതജ്ഞൻ വെള്ളിനേഴി സുബ്രഹ്മണ്യത്തിന്റെ വീട്ടിലായിരുന്നു. അദ്ദേഹം സ്നേഹത്തോടേ സ്വീകരിച്ചു. കുടിക്കാൻ സംഭാരം തന്നു. പിന്നീടു വെള്ളിനേഴിയെപറ്റി ചില ഓർമചിത്രങ്ങൾ പങ്കുവച്ചു. യാത്ര തുടരാൻ പ്രേരിപ്പിക്കുന്നതായിരുന്നു ആ ഓർമകൾ. വെള്ളിനേഴിയെ അറിയാൻ ശ്രമിക്കുന്നവർക്കുള്ള ബാല പാഠം.

No comments:

Post a Comment